കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ ആധുനിക യന്ത്രസംവിധാനത്തോടെയുള്ള ചകിരി സംസ്കരണം ആരംഭിച്ചു. ദിവസവും 10000 ചകിരിത്തൊണ്ടുകള്‍ സംസ്കരിച്ചെടുക്കാനുള്ള യന്ത്രത്തിലാണ് പുതിയ സംസ്കരണം ആരംഭിച്ചിട്ടുള്ളത്. നഗരസഭയുടെ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 13 ലക്ഷത്തോളം രൂപ ചെലവുവരുന്ന യന്ത്രം എത്തിച്ചിട്ടുള്ളത്.

ചകിരി സംസ്കരണ യൂണിറ്റില്‍ ഉണ്ടായിരുന്ന യന്ത്രങ്ങളില്‍ പ്രതിദിനം 5000 ചകിരി സംസ്കരണ ശേഷിയാണ് ഉണ്ടായിരുന്നത്. പുതിയ യന്ത്രത്തില്‍ 10,000 സംസ്കരണ ശേഷിയാണ് ഉള്ളത്. നിലവിലുണ്ടായിരുന്ന 20 എച്ച് പിയുടെ മോട്ടോറിനൊപ്പം 10 എച്ച് പി യുടെ മോട്ടോറും പുതിയ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ചകിരി സംസ്കരണം എളുപ്പത്തില്‍ നടത്താനാകും.

ചകിരി ക്രഷിങ്, ഡീഫൈബറിങ്, പോളിഷിങ്, സ്ക്രീനിങ്, ബേബി ഫൈബറിങ് എന്നിവയെല്ലാം പുതിയ യന്ത്രത്തില്‍ എളുപ്പത്തില്‍ ചെയ്യാനാകും. ചകിരിച്ചോറിനെ വളമാക്കി വേര്‍തിരിച്ചെടുക്കാനും ചകിരി വേസ്റ്റിനെ വീണ്ടും നല്ലരീതിയില്‍ സംസ്കരിച്ചെടുക്കാനും പുതിയ യന്ത്രത്തിന് ശേഷിയുണ്ട്.

ചകിരി സംസ്കരണത്തിന്റെ ഭാഗമായി ചകിരി സംഭരണവും ഇനി നടക്കും. കര്‍ഷകര്‍ക്ക് ചകിരി നേരിട്ട് സംസ്കരണ യൂണിറ്റിലെത്തിക്കാം. ചകിരി വളം വാങ്ങുന്നതിനും സൌകര്യമുണ്ട്. ചകിരി സംസ്കരണത്തിന്റെ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീ, ഹരിതകര്‍മ്മസേന എന്നിവയെ കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.

ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് യന്ത്രം എത്തിച്ചത്.പുതിയ യന്ത്രത്തിന്റെ പ്രവര്‍ത്തനം നടത്തുന്നതിന് സംസ്കരണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് ഏകദിന പരിശീലനവും നല്‍കിയിരുന്നു.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, വാര്‍ഡ് കൌണ്‍സിലര്‍ എ എസ് സനല്‍, മറ്റ് കൌണ്‍സിലര്‍മാര്‍, സിസിഎം ആറ്റ്ലി പി ജോണ്‍, ഗുരുവായൂര്‍ നഗരസഭ സിസിഎം കെ എസ് ലക്ഷ്മണന്‍, ജെ എച്ച് ഐ അരുണ്‍വര്‍ഗീസ്, കമ്പനി ടെക്നീഷ്യന്‍ കെ എം സലീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.