ക്യാമ്പയിൻ ആഗസ്റ്റ് ഏഴിന് ആരംഭിക്കും

അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ മിഷന്‍ ഇന്ദ്രധനുഷുമായി ആരോഗ്യ വകുപ്പ്. അഞ്ചു വയസ്സുവരെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴിന് ആരംഭിക്കും. മുല്ലശ്ശേരി ഹെൽത്ത്‌ ബ്ലോക്കിലെ പാവറട്ടി സെന്റ് ജോസഫ് സി എം ഐ സ്കൂളിൽ രാവിലെ 11 മണിക്ക് സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.

ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയതാണിത്. ഇവരുടെ രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവെപ്പിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം.

കൂടുതൽ കുട്ടികൾ കുത്തിവെപ്പെടുക്കാത്ത പ്രദേശങ്ങളിൽ കലക്ടർ നേരിട്ട് ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഇത്തരം പ്രദേശത്ത് പ്രത്യേക ഡ്രൈവ് നടത്തി വാക്സിനേഷൻ പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകി. ക്യാമ്പയിന് വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കും. ബ്ലോക്കുകൾ കേന്ദ്രീകരിച്ച് സ്കൂളുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. പോസ്റ്റർ, ബാനർ എന്നിവ പ്രദർശിപ്പിക്കും. ബോധവത്കരണ വീഡിയോ പ്രദർശനം മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും നടക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേക ബോധവത്കരണം നടത്തും. കുട്ടികളുടെ സുരക്ഷ ഗൗരവമായി കണ്ട് മുഴുവൻ രക്ഷിതാക്കളും കുത്തിവെപ്പിന് കുഞ്ഞുങ്ങളെ ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കണമെന്ന് ജില്ലാ കലക്ടർ ആഹ്വാനം ചെയ്തു.

മൂന്ന്ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയ്ൻ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് മിഷന്‍ ഇന്ദ്രധനുഷിൽ നൽകുന്നത്. വാക്സിനേഷൻ എടുക്കാത്തവർക്കും തുടർകുത്തിവെപ്പുകൾ മുടങ്ങിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 2018 ആഗസ്റ്റ് 6നോ അതിന് ശേഷമോ ജനിച്ചിട്ടുള്ളതും ഒന്നോ അതിലധികമോ വാക്സിനുകൾ സ്വീകരിച്ചിട്ടില്ലാത്തതുമായ കുട്ടികൾക്ക് ഇന്ദ്രധനുഷിൻ്റെ ഭാഗമാവാം.

ക്യാമ്പയ്നിന്റെ മുന്നോടിയായി ജില്ലാ കളക്ടര്‍ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മിഷൻ ഇന്ദ്രധനുഷിൻ്റെ പോസ്റ്റർ കലക്ടർ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. പി. ശ്രീദേവി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടി. കെ. ജയന്തി, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.