ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ 76 ാം നമ്പര്‍ അങ്കണവാടിയില്‍ പോഷകാഹാര പ്രദര്‍ശനമത്സരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

25 വീട്ടമ്മമാര്‍ പങ്കെടുത്ത പ്രദര്‍ശനമത്സരത്തില്‍ ഉണ്ണിയപ്പം, മിക്‌സചര്‍, അരിയുണ്ട, ഇലത്തോരന്‍, കറികള്‍, പായസം, ചമന്തി, പുഴുക്കുകള്‍ തുടങ്ങി വ്യത്യസ്തമായ ഒട്ടേറെ പോഷക വിഭവങ്ങള്‍ ഒരുക്കി. ഗര്‍ഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ശീലിക്കേണ്ട ആഹാര രീതികളും അവയുടെ ഗുണങ്ങളും വ്യക്തമാക്കുന്നതായി മാറി മത്സരം.

ഗ്രാമപഞ്ചായത്ത് അംഗം അസീസ് ഇല്ലിക്കല്‍, ഭാരവാഹികളായ അബ്ബാസ് വടക്കേല്‍, ഹനീഫ പാറേക്കണ്ടം, സല്‍മി നിസാര്‍, ഹലീമ മലയില്‍, ഫാത്തിമ ഷിബിലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അങ്കണവാടി അധ്യാപിക സോയ എബ്രഹാം സ്വാഗതവും അങ്കണവാടി ഹെല്‍പ്പര്‍ ഗംഗ നന്ദിയും പറഞ്ഞു.