കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 4.74 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി പയ്യന്നൂർ നഗരസഭ. കേരള സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഖരമാലിന്യ പരിപാലന പ്ലാൻ രൂപീകരണത്തോടനുബന്ധിച്ച് നടന്ന പ്രഥമ കൂടിയാലോചനായോഗത്തിലാണ് തീരുമാനം.
2027ൽ പൂർത്തീകരിക്കേണ്ട പദ്ധതിക്കായി 12.1 കോടി രൂപയാണ് അനുവദിച്ചത്. സമഗ്ര ഖരമാലിന്യ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുക. ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അത്യാധുനിക ഗതാഗത സംവിധാനമൊരുക്കും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണത്തിന് വാതിൽപ്പടി സേവനവും ആരംഭിക്കും. ആദ്യഘട്ടത്തിൽ മൂരിക്കൊവ്വൽ എം സി എഫ് നവീകരണം, പുതിയ കെട്ടിട നിർമ്മാണം, നിലവിലുള്ള ആർ ആർ എഫ് വിപുലീകരണം, ഹരിതകർമ്മസേന-ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ, എംസിഎഫ്, ആർആർഎഫ് കേന്ദ്രങ്ങളിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങൽ, വിൻഡ്രോ കമ്പോസ്റ്റ് നിർമ്മാണം, കേന്ദ്രീകൃത നാപ്കിൻ ഡിസ്ട്രോയർ, 11 തുമ്പൂർമുഴി യൂണിറ്റുകൾ, ഹരിതകർമ്മ സേന പ്രവർത്തനങ്ങൾക്ക് പുഷ് കാർട്ട് വാഹനങ്ങൾ വാങ്ങൽ, കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഹിറ്റാച്ചി മോഡൽ വാഹനം വാങ്ങൽ എന്നിവയാണ് നടപ്പാക്കുക.
നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗം ചെയർപേഴ്‌സൻ കെ വി ലളിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ വി വി സജിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ ടി വിശ്വനാഥൻ, സ്ഥിരം സമിതി അധ്യക്ഷരായ വി ബാലൻ, ടി പി സമീറ, സി ജയ, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ഡബ്ള്യുഎംപി സോഷ്യൽ എക്സ്പെർട്ട് ഇ വിനോദ്കുമാർ ആമുഖാവതരണം നടത്തി, ഡെപ്യൂട്ടി കോ- ഓർഡിനേറ്റർ കെ എസ് ഷിന്റ പദ്ധതി വിശദീകരിച്ചു. നഗരസഭ എസ്ഡബ്ല്യുഎം എഞ്ചിനീയർ അനൂപ്കുമാർ നിലവിലുള്ള ഖരമാലിന്യ പരിപാലന പദ്ധതികളിലുള്ള അപാകതകൾ അവതരിപ്പിച്ചു. ഡിപിഎംയു എൻവിയോണ്മെന്റ് എഞ്ചിനീയർ പി ധനേഷ് പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾറ്റന്റ് പ്രതിനിധി പ്രേംലാൽ, ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ് പ്രതിനിധി ടി എം ശ്രീജിത്ത്, നവകേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി അരുൾ തുടങ്ങിയവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന, ഹോട്ടൽ-വ്യാപാരി പ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതസേന, ശുചീകരണ വിഭാഗം പ്രതിനിധികൾ, സ്‌ക്രാപ്പ് ഉടമസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.