അടിയന്തരസാഹചര്യങ്ങളെ നേരിടുന്നതിന് സർക്കാർ വകുപ്പുകളെ സജ്ജമാക്കുന്നതിനും പ്രവർത്തന മേഖലകൾ വ്യക്തമാക്കുന്നതിനുമായി തയാറാക്കിയ ഓറഞ്ച് ബുക്ക് 2023 ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. ദുരന്തനിവാരണ നിയമം 2005 പ്രകാരം തയാറാക്കുന്ന കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയായ ഓറഞ്ച് ബുക്കിന്റെ അഞ്ചാമത്തെ എഡിഷനാണ് 2023-ൽ പുറത്തിറങ്ങിയത്.

ജില്ലയുടെ സാഹചര്യം പരിഗണിച്ച് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടുന്ന മുന്നൊരുക്കങ്ങൾ, ദുരന്ത പ്രതികരണ സംവിധാനങ്ങൾ, ദുരന്ത ലഘൂകരണ പദ്ധതികൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അവബോധം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് സത്യകുമാർ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച്, ഓറഞ്ച് ബുക്കിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു.

റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, ജലസേചനം, വിവര പൊതുജനസമ്പർക്കം ഉൾപ്പെടെ മുപ്പത്താറോളം വകുപ്പുകളുടെ ദുരന്ത പ്രതികരണ, ലഘൂകരണ പദ്ധതികളാണ് ഓറഞ്ച് ബുക്കിൽ പരാമർശിക്കുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹൻ, നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.