മിഷൻ വാത്സല്യക്ക് കീഴിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻറെ നേരിട്ടുള്ള അധികാര പരിധിയിൽ ചൈൽഡ് ഹെല്പ് ലൈന്റ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ വാത്സല്യ. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലാണ് ചൈൽഡ് ഹെല്പ് ലൈൻ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സാബിർ ഇബ്രാഹിം ചൈൽഡ് ഹെല്പ് ലൈൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശാ മോൾ, ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ ഓഫീസർ ഷാജിത ആറ്റാശ്ശേരി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ സുരേഷ്, മെമ്പർമാരായ അഡ്വ.ജാബിർ, അഡ്വ.രാജേഷ് പുതുക്കാട്, ഹേമലത, സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് എ.എസ്.ഐ അബ്ദുസ്സമീർ ഉള്ളാടൻ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന കോളുകൾ ജില്ലയിലേക്ക് കൈമാറുകയും നിയമിതരായ ചൈൽഡ് ഹെല്പ് ലൈൻ പ്രവർത്തകർ കുട്ടികൾക്കാവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്യും. പ്രൊജക്റ്റ് കോർഡിനേറ്റർ കൗൺസിലർ, സൂപ്പർ വൈസർ, കേസ് വർക്കർ എന്നീ തസ്‌തികകളിലായി എട്ട് ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ശാരീരിക മാനസിക പീഡനം, മറ്റ് പ്രയാസങ്ങളിലും പ്രതിസന്ധികളും അകപ്പെടുന്ന കുട്ടികൾ എന്നിവർക്കും വളരെ വേഗത്തിൽ സേവനം ലഭ്യമാക്കാനാകും. നിലവിൽ 1098 നമ്പറിൽ സേവനം ലഭ്യമാണ്.