സുസ്ഥിര തൃത്താല-പ്രത്യേക നീര്‍ത്തട വികസന പദ്ധതിക്ക് വിവിധ വകുപ്പുകളുടെ ഏകോപനവും സംയോജനവും ആവശ്യമാണെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുസ്ഥിര തൃത്താല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാതൃക നീര്‍ത്തട പദ്ധതിയായി ഇതിനെ മാറ്റുന്നതിന് എല്ലാ വകുപ്പുകളുടെയും ഇടപെടലിലൂടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. കേരളത്തിലെ രണ്ട് നിയോജകമണ്ഡലങ്ങളിലാണ് ഈ വര്‍ഷം ഇത്തരത്തിലുള്ള നവീന പദ്ധതി അവതരിപ്പിക്കുന്നത്. നീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ വകുപ്പിനും എന്ത് ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതി ആവശ്യമാണെന്നും യോഗം വിലയിരുത്തി.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോളെജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഓണം അവധിയില്‍ തൃത്താലയില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്താനും യോഗത്തില്‍ തീരുമാനമായി. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിയോജകമണ്ഡലത്തിലെ സാധ്യമായ എല്ലാ അങ്കണവാടികളിലും 2024 മാര്‍ച്ച് 22 നകം റീചാര്‍ജ്ജിങ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍, കോളെജ്, ആശുപത്രികള്‍ കേന്ദ്രീകരിച്ച് കിണര്‍ റീചാര്‍ജിങ് നടത്താന്‍ ഭൂഗര്‍ഭ ജല വകുപ്പിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ 50,675 തെങ്ങിന്‍ തൈകള്‍ നട്ടിട്ടുണ്ട്. തെങ്ങിന്‍തൈ നടീല്‍ പ്രവര്‍ത്തി മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.

പദ്ധതിയുടെ ഭാഗമായി ഗ്രാമസഭകള്‍ സമയബന്ധിതമായി നടത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി. നിലവില്‍ ആനക്കര ഒഴികെയുള്ള പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭകള്‍ നടന്നിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ സുസ്ഥിര തൃത്താലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ അവലോകനവും അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ പ്ലാനുകളും ചര്‍ച്ച ചെയ്യുന്നതിനായി ശില്‍പശാല നടത്തും. യോഗത്തില്‍ നവകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രതിനിധി സുധീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.