രണ്ടു വര്‍ഷത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ദേശീയ പാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2025ഓടെ മലയാളിയുടെ ചിരകാല സ്വപ്നമായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത നവീകരണം പൂര്‍ത്തീകരിക്കും. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായും അടുത്ത വര്‍ഷത്തോടെ ദേശീയ പാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ പാതയ്ക്ക് വേണ്ടി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവെച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേറൊ, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ഭാരതി, ജില്ലാ പഞ്ചായത്ത് അംഗം പി. കമലാക്ഷി, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. അബ്ദുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്ദീന്‍ കുഞ്ഞി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗം യാദവ ബഡാജെ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.എം. കരുണാകര ഷെട്ടി, ജയരാമ ബല്ലംഗുഡേല്‍, പി.സോമപ്പ, അസീസ് മരികെ, ഹരീഷ് ചന്ദ്ര, രാഘവ ചേരാള്‍, താജുദ്ദീന്‍ മൊഗ്രാല്‍, സിദ്ദീഖ് കൈകമ്പ, ഡോ. കെ.എ ഖാദര്‍, അഹമ്മദലി കുമ്പള എന്നിവര്‍ സംസാരിച്ചു. റോഡ്‌സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു.പി. ജയശ്രീ സ്വാഗതവും മഞ്ചേശ്വരം പൊതുമരാമത്ത് റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.വി. മണിപ്രസാദ് നന്ദിയും പറഞ്ഞു.