മലയാളികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേ നിർമ്മാണം 2025 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ കാർഷിക, വ്യവസായ, വിനോദ സഞ്ചാര മേഖലകളുടെ കുതിച്ചുചാട്ടത്തിന് സഹായകരമാവും.

ജില്ലയിലെ മലയോര ഹൈവേ നിർമ്മാണം വലിയ രീതിയിൽ പുരോഗമിച്ച് വരികയാണ്. 10 റീച്ചുകളിലായി 119.11 കിലോമീറ്ററാണ് ജില്ലയിലെ മലയോര ഹൈവേ. 600 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തലയാട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ തൊട്ടിൽപാലം മുതൽ തലയാട് വരെയുള്ള മലയോര ഹൈവേ വികസനത്തിൽ ഉൾപ്പെട്ടതാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 28-ാം മൈൽ മുതൽ തലയാട് വരെയുള്ള റോഡ്. 6.75 കിലോ മീറ്റർ ദൂരം ഡി.ബി.എം നിലവാരത്തിലാണ് റോഡ് നിമ്മിക്കുക. ഒൻപത് മീറ്റർ കാര്യേജ് വേയും ഇരുഭാഗത്തും ഡ്രൈനേജും ഉൾപ്പെടെ 12മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ഇതിനായി 47 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ, പനങ്ങാട്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ.ആർ.എഫ്.ബി നോർത്ത് സർക്കിൾ ടീം ലീഡർ ദീപു എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ അശോക് കുമാർ എം സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ അസീസ് കെ നന്ദിയും പറഞ്ഞു.