സി.ബി.സി സ്‌കീമില്‍ ലോണ്‍ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. ജില്ലാ ഖാദി ഗ്രാമ വ്യവസായം ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.സി സ്‌കീം വഴി ലോണ്‍ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് പദ്ധതിയിലൂടെ ആശ്വാസം ലഭിക്കും. ഇതിന് വേണ്ടി സംസ്ഥാന തലത്തില്‍ അദാലത്ത് വിളിച്ച് ചേര്‍ത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് 60 കോടി രൂപയുടെ വില്‍പനയാണ് ഖാദി ബോര്‍ഡിന് മാത്രമായി നടത്താന്‍ കഴിഞ്ഞത്. ഇത്തവണ 150 കോടിയുടെ വില്‍പനയാണ് ലക്ഷ്യമിടുന്നത്. ഓരോ പ്രായക്കാരുടെയും അഭിരുചിക്ക് അനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ബോര്‍ഡ് പുറത്തിറക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ഇന്ന് ഖാദി മേഖലയിലും ലഭിക്കും. ഓണത്തിന് ഒരു ഖാദി കോടി എന്ന സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

30 ശതമാനം ഗവ.റിബേറ്റുകളോടു കൂടി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, പാന്റ് പീസ്, ചൂരിദാര്‍ ടോപ്പ്, മുണ്ടുകള്‍, മെത്തകള്‍ എന്നീ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വില്‍പ്പനയ്ക്കായുണ്ടാകുക. ഓണം മേളയില്‍ ആകര്‍ഷകമായ രീതിയില്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളും ഖാദി ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം ഇലക്ട്രിക് കാര്‍ ,രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം എല്ലാ ജില്ലകള്‍ക്കും ഒരു പവന്‍ വീതവും കൂടാതെ ഓരോ ആഴ്ചയിലും 5000 രൂപയുടെ നറുക്കെടുപ്പിലൂടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അതിന്റെ പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നവീകരണത്തിലൂടെ ഖാദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ലഭ്യമാക്കിയിരിക്കുകയാണ്. വ്യാജ ഖാദി ഇറങ്ങുന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. അംഗീകൃത ഖാദി ഷോറൂമില്‍ നിന്നും ഖാദി വസ്ത്രങ്ങള്‍ വാങ്ങണം. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ പ്രകൃതിദത്തമായ കളറുകള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഖാദി വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനും അവസരമൊരുക്കും. ഓണ്‍ലൈന്‍ മേഖലയെ ശക്തിപ്പെടുത്തും.

ദേശീയ വികാരം ഉള്ളവര്‍ ഖാദി വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഖാദി സ്‌പൈസസ് എന്ന പേരില്‍ സുഗന്ധദ്രവ്യങ്ങളുടെ വിപണനവും ലക്ഷ്യമെടുന്നു. കോട്ടയത്ത് തേനീച്ച കൃഷിക്കായി പ്രത്യേക ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട് ജില്ലയ്ക്കും തേനിച്ച കൃഷിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണിയും ബോര്‍ഡ് ലക്ഷ്യം വെക്കുന്നു. ഗള്‍ഫിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഖാദി വസ്ത്രങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ ബില്‍ ടെക് അബ്ദുല്ല ആദ്യവില്‍പന നടത്തി. എം.കെ.വിനോദ് കുമാര്‍ ഏറ്റുവാങ്ങി നഗരസഭ കൗണ്‍ സിലര്‍ പി.ശോഭ സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ വി.വി.രമേശന്‍, കെ.കെ.ബാബു,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.അപ്പുക്കുട്ടന്‍, രാഹുല്‍ നിലാങ്കര, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി.മാധവന്‍ നമ്പൂതിരി, പയ്യന്നൂര്‍ ഫാര്‍ക്ക സംഘം സെക്രട്ടറി പി.കെ.സന്തോഷ് കുമാര്‍, കെ.ഭാനുപ്രകാശ് എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വി.രാജേഷ് സ്വാഗതവും ജില്ലാ പ്രോജക്ട് ഓഫിസര്‍ എം.ആയിഷ നന്ദിയും പറഞ്ഞു.