സംസ്ഥാനത്തെ പൊതുമരാമത്തിന് കീഴിലെ 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവില്‍ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷവും രണ്ട് മാസവും കൊണ്ട് തന്നെ ആ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. പെരിയ – ഒടയംചാല്‍ റോഡ് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ നിയോജക മണ്ഡലത്തിലെ 308 കിലോമീറ്റര്‍ റോഡുകളില്‍ 212 കിലോമീറ്റര്‍ റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡുകളായി മാറിക്കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണിത്. മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും നിലവാരം കൂടിയ റോഡ് നിര്‍മാണ രീതിയാണ് ബിഎം ആന്‍ഡ് ബിസി.

പെരിയ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി. പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു.പി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

10.77 ലക്ഷം രൂപ ചിലവില്‍ പെരിയ മുതല്‍ കല്യോട്ട് വരെയുള്ള 8 കിലോമീറ്റര്‍ ഭാഗമാണ് പ്രവൃത്തിയുടെ ഭാഗമായി നവീകരിച്ചിട്ടുള്ളത്. 5.50 മീറ്റര്‍ കാരേജ് വേ വീതിയും, നിലവിലുളള ചിപ്പിംഗ് കാര്‍പ്പറ്റ് പ്രതലത്തിനുമുകളില്‍ ബിറ്റുമിനസ്‌മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ടാറിംഗ് ലെയറുകളും, റോഡിന്റെ വശങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഐറിഷ് ഡ്രെയിനും നിഷ്‌കര്‍ഷിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികളും പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടിതെ സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് റോഡ്മാര്‍ക്കിംഗുകള്‍, റോഡുകള്‍ സുരക്ഷാ ട്രാഫിക്ക് ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത,പുല്ലൂര്‍ – പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, പുല്ലൂര്‍- പെരിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍, പുല്ലൂര്‍- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. രാമകൃഷ്ണന്‍ നായര്‍, ടി. വി. അശോകന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി. വി. കരിയന്‍, പ്രമോദ് പെരിയ, എ.ദാമോദരന്‍, മുസ്തഫ പാറപ്പള്ളി, എ.മുരളീധരന്‍, പി.കെ അബ്ദുറഹ്‌മാന്‍, ബിജു തുള്ളിശ്ശേരി, ജോസഫ് വടകര, എബ്രഹാം തോന്നക്കര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ. ജി. വിശ്വപ്രകാശ് സ്വാഗതവും പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സി. എഞ്ചിനീയര്‍ കെ. രാജീവന്‍ നന്ദിയും പറഞ്ഞു.