ഔഷധക്കഞ്ഞിയും പത്തിലക്കറികളും തുടങ്ങി 37 ഇനം നാടൻ വിഭവങ്ങളൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ പോഷക മേള. പയ്യന്നൂർ നഗരസഭ ഓഫീസ് പരിസരത്താണ് മേള  ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ വിവിധ അയൽക്കൂട്ട അംഗങ്ങൾ തയ്യാറാക്കിയ കർക്കിടക കഞ്ഞി, പായസം, പത്തിലക്കറികൾ, ഇലതോരൻ, ചക്കക്കുരു വിഭവങ്ങൾ പപ്പായ, ഹൽവ, മരുന്നുകാപ്പി, തുടങ്ങി രുചിയേറിയ വിഭവങ്ങൾക്കൊപ്പം വേവു മരുന്നുകൾ, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, കാന്താരി പുഴുക്ക്, അച്ചാർ, നാടൻ മരുന്നുകൾ, എണ്ണകൾ, നാടൻ പച്ചക്കറികൾ, ചെടികൾ തുടങ്ങിയവയാണ് പോഷക 2023 എന്ന പേരിൽ  മേളയിൽ ഒരുക്കിയത്.

നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി ബാലൻ, ടി വിശ്വനാഥൻ, വി വി സജിത, കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ, കെ യു രാധാകൃഷ്ണൻ, പി ഭാസ്‌ക്കരൻ, ടി ദാക്ഷായണി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി ലീല, വൈസ് ചെയർപേഴ്സൺ പ്രീതി, മെമ്പർ സെക്രട്ടറി പി കെ സുരേഷ് എന്നിവർ സംസാരിച്ചു.