ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഇത്തരം സെമിനാറുകള്‍ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ അധ്യക്ഷയായി.

‘ജോലി ചെയ്യുന്ന രക്ഷിതാക്കളില്‍ മുലയൂട്ടല്‍ സാധ്യമാക്കല്‍’ എന്ന വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ താവൊടി ക്ലാസെടുത്തു. മുലയൂട്ടലിന് പിന്നിലെ ശാസ്ത്രം, ശരിയായ മുലയൂട്ടല്‍ രീതികള്‍, അമ്മയും കുഞ്ഞും തമ്മിലുണ്ടാകേണ്ട അടുപ്പം, ആരോഗ്യകരമായ മുലയൂട്ടലില്‍ കുടുംബത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളും സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത്, പ്രോഗ്രാം ഓഫീസര്‍ എന്‍. ദിവ്യ, സി.ഡി.പി.ഒമാരായ റിംസി, സീതാലക്ഷ്മി, ഖമറുന്നിസ, ആതിര, ശാന്തകുമാരി, എന്‍.എന്‍.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം. റിയാസ് എന്നിവര്‍ സംസാരിച്ചു.