പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും
ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി – തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പരൂർ പാടശേഖരത്തിൽ നിർമ്മാണം പൂർത്തീകരിച്ച എഞ്ചിൻ ഷെഡിന്റെയും സബ് മേഴ്സിമ്പിൾ പമ്പിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുന്നയൂർക്കുളത്തെ നെൽകർഷകരുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം ബ്രാന്റ് അരി ഈ വർഷം തന്നെ വിപണിയിലെത്തിക്കണമെന്നും മന്ത്രി പഞ്ചായത്തിന് നിർദ്ദേശം നൽകി. പച്ചക്കറിയുടെ കാര്യത്തിലും പുന്നയൂർക്കുളം സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉപ്പുങ്ങൽ പാലത്തിന് സമീപം നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഫാത്തിമ ലീനസ്, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ , ഡയറക്ടർ ബോർഡ് അംഗം പി കെ കൃഷ്ണദാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ . ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതവും ആർ കെ ഐ നോഡൽ ഓഫീസർ എ ജെ വിവൻസി നന്ദിയും പറഞ്ഞു. കെ എൽ ഡി സി ചീഫ് എഞ്ചിനീയർ പി കെ ശാലിനി റിപ്പോർട്ട് അവതരിപ്പിച്ചു.റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതികളുടെ നിർമ്മാണം പൂർത്തീകരിച്ചത്.