ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ ആക്കാൻ തീരുമാനം. ജി. സ്റ്റീഫൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം.

നവീകരണ പ്രവർത്തികൾക്കായുള്ള അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ ഉദ്യോഗസ്ഥ സംഘം ഓഗസ്റ്റ് പത്തിന് ബോണക്കാട്ടെ ലയങ്ങൾ സന്ദർശിക്കും. 34 ലയങ്ങളിലായി 155 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കും.

ലയങ്ങൾക്കൊപ്പം ബോണക്കാട്ട് പോസ്റ്റ് ഓഫീസ്, സ്കൂൾ, സ്റ്റാഫ് ക്ലബ്ബ് എന്നിവയുടെ നവീകരണത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കും. അന്തിമ എസ്റ്റിമേറ്റ് തയ്യാറായാൽ ഉടൻ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജോലികൾ ആരംഭിക്കും. ഓണത്തിന് മുൻപ് ബോണക്കാട്ട് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

സെപ്റ്റംബർ മുതൽ ആഴ്ചയിൽ ഒരിക്കൽ മെഡിക്കൽ ക്ലിനിക്കുകൾ ഉണ്ടാകുമെന്നും യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ അറിയിച്ചു. കുട്ടികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ ബോണക്കാട്ടെ യു.പി സ്കൂൾ തുറക്കുന്നതിനായുള്ള ശ്രമം നടത്തും. ബോണക്കാട്ടേക്കുള്ള ബസുകളുടെ സമയം മാറ്റുന്നത് സംബന്ധിച്ച് മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെന്നും ജി. സ്റ്റീഫൻ എം.എൽ.എ പറഞ്ഞു. യോഗത്തിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ ജി. അരവിന്ദ്, എ.ഡി.എം അനിൽ ജോസ്, ജില്ലാ ലേബർ ഓഫീസർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.