റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു
എസ്എസ്എൽസിക്കും പ്ലസ്ടുവിനും ലഭിക്കുന്ന താൽക്കാലിക വിജയങ്ങൾക്കപ്പുറം ജീവിതത്തിൽ വിജയിക്കുവാനും എ പ്ലസ് നേടുവാനും കഴിയണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഒല്ലൂർ വൈലോപ്പിള്ളി എസ് എം എം ജി വി എച്ച് എസ് എസിലെ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുസ്തകപ്പുഴുക്കളായല്ല മനുഷ്യനായും പ്രകൃതിയുടെ പാഠപുസ്തകം വായിക്കാൻ കഴിയുന്ന തലമുറയായും വളരണം. സർക്കാർ വിദ്യാലയങ്ങൾ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിൻ്റെ കരുത്തിലേക്ക് കടന്നുപോകുന്നതിൻ്റെ സാക്ഷ്യവും മന്ത്രി കെ രാജൻ പങ്കുവെച്ചു.
പരിമിതികളുടെ നടുവിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ സ്കൂളിനെ മന്ത്രി അഭിനന്ദിക്കുകയും 2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി, വി എച്ച് എസ് ഇ വിഭാഗങ്ങളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. തൃശൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ അധ്യക്ഷനായി.
ഡിവിഷൻ കൗൺസിലർ കരോളിൻ പെരിഞ്ചേരി, ഡിപിസി മെമ്പർ സി.പി. പോളി, പ്രധാനാധ്യാപിക ആലീസ് ജോർജ്, സീനിയർ അസിസ്റ്റൻറ് സുനിത പി വി, പിടിഎ പ്രസിഡണ്ട് ഷീബ ജോജി, എം പി ടി എ പ്രസിഡണ്ട് നീതു അബിൻ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകി.
ചാന്ദ്രദിനം ചാക്യാർ കൂത്തവതരണത്തിലൂടെ മാധ്യമ ശ്രദ്ധനേടിയ പ്രധാനാധ്യാപിക ആലീസ് ജോർജ്ജ്, സീനിയർ ക്ലർക്ക് സുജ കെ. എസ്. എന്നിവരെയും ചടങ്ങിൽ ആദരിച്ചു.