ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം പദ്ധതിയുടെ നഗരസഭാതല വിളവെടുപ്പ് പൂപ്പൊലി 2023ന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കോട്ടപ്പടി പുതുശ്ശേരിപറമ്പ് ചക്കപ്പായി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, എ എസ് മനോജ്, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ, കൗൺസിലർമാർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി എച്ച് അഭിലാഷ് നന്ദിയും പറഞ്ഞു.

ഓണവിപണി ലക്ഷ്യമിട്ട് 25 ക്ലസ്റ്ററുകളിലായി ആരംഭിച്ച പുഷ്പകൃഷി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മ്മാല്യം അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. അമ്പതിനായിരം ചെണ്ടുമല്ലിത്തൈകളാണ് പൂക്കൾ നിറഞ്ഞ് വിളവെടുപ്പിന് തയ്യാറായത്. 75 ശതമാനം സബ്സിഡി നിരക്കിൽ 1.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. കൃഷിയും അനുബന്ധ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുക കൂടിയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭ ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ പുഷ്പനഗരം പദ്ധതിയിലൂടെ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന പൂക്കള്‍ ഓണ പൂവിപണിയില്‍ വലിയൊരു ഇടപെടലായി മാറും.