സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടത്തിന്റെ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ആലുവ മണ്ഡലത്തിൽ വിവിധ പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

സീപോർട്ട് എയർപോർട്ട് റോഡുമായി ബന്ധപ്പെട്ട് അംഗീകരിച്ച് നൽകാൻ ബാക്കിയുള്ള സർവേ സബ്ഡിവിഷൻ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ലാൻഡ് അക്യൂസിഷൻ ഓഫീസർക്ക് സമർപ്പിക്കും. സർവ്വേ റെക്കോർഡുകൾ കിട്ടുന്ന മുറയ്ക്ക് ഉടൻ തന്നെ ബി.വി.ആർ (ബേസിക് വാല്യു റിപ്പോർട്ട്) സമർപ്പിക്കാനും നിർദേശം നൽകി. സെപ്റ്റംബർ 30ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും വിലയിരുത്തി. സെപ്റ്റംബർ മാസം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൈമാറാനും നിർദേശം നൽകി.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ. എ ) പി. സിന്ധു, ആലുവ ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, കിഫ്ബി തഹസിൽദാർ ദേവരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.