ഉപയോഗശ്യൂനമായി കിടക്കുന്ന പൊതുയിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും ‘പുനർജനി’യിലൂടെ വീണ്ടെടുക്കുകയാണ് കുടുംബശ്രീ. 25-ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന തനത് പദ്ധതിയായ ‘പുനർജനിയിലൂടെ’ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഉപയോഗ ശ്യൂനമായി കിടക്കുന്ന സ്ഥലങ്ങൾ എന്നിവ കണ്ടെത്തി പുനരുപയോഗം സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി അനേകം കെട്ടിടങ്ങളും സ്ഥലങ്ങളും ഉപയോഗശ്യൂന്യമായി കിടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ പദ്ധതി ഭാഗമായി കുടുംബശ്രീക്ക് കീഴിലുള്ള 111 സി.ഡി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കി. ഏകദേശം മുന്നൂറിലധികം കെട്ടിടങ്ങളാണ് വിവിധയിടങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

ഇത്തരത്തിൽ അവയെ പുനരുപയോഗ സാധ്യതകൾ കണക്കിലെടുത്ത് പുനർജനി പദ്ധതി ഉൾപ്പെടുത്തി വിവിധ പ്രവൃത്തികൾക്കായി വിട്ടു നൽകും. അത്തരത്തിലുള്ള സൗകര്യങ്ങൾ നിലവിൽ കുടുംബശ്രീ ബഡ്സ് സ്‌കൂളുകൾ, സംരംഭങ്ങൾ, ഹരിതകർമസേന, ജനകീയ ഹോട്ടലുകൾ എന്നിവക്കായി പദ്ധതിയിലൂടെ കുടുംബശ്രീ വിട്ടുനൽകിയിട്ടുമുണ്ട്.
ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കും പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ഫാം ടൂറിസം, കിയോസ്‌കുകൾ, മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകൾ, ബഡ്‌സ് /ബി.ആർ.സി സ്‌കൂളുകൾ, ട്രൈബൽ ബ്രിഡ്ജ് സ്‌കൂളുകൾ, മാസച്ചന്തകൾ, ആഴ്ച ചന്തകൾ, ട്രസ്റ്റ് ഷോപ്പുകൾ, മൈക്രോ സംരംഭക യൂണിറ്റുകൾ എന്നിവയ്ക്കായും കുടുംബശ്രീ പരിഗണിക്കുന്നുണ്ട്.