ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ (എ. ബി. സി ) കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  എ. ബി. സി. കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ യോഗം തീരുമാനിച്ചു. ജനങ്ങളുടെ പ്രതികരണംകൂടി കണക്കിലെടുത്താകണം കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു.

ജില്ലയിൽ മുളന്തുരുത്തി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകൾക്കായി മുളന്തുരുത്തിയിലും വടവുകോട്, മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്തുകൾക്കായി കോലഞ്ചേരിയിലുമാണ് എ ബി സി കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. കോലഞ്ചേരിയിലെ കേന്ദ്രത്തിൽ നായ്ക്കളിലെ വന്ധ്യംകരണ ശസ്ത്രക്രിയ ആരംഭിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നു വരെ എട്ട് നായ്ക്കളിലാണ് ശസ്ത്രക്രിയ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും മാസം 180 നായ്ക്കളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുകയാണ് ലക്ഷ്യം.

അതത് ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിലുള്ള നഗരസഭകളിലെയും നായ്ക്കളുടെ ശസ്ത്രക്രിയ ഓരോ കേന്ദ്രങ്ങളിലും നടത്തണം. മുളന്തുരുത്തിയിൽ ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് പ്രസിഡന്റ് നിർദേശം നൽകി.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വടവുകോട് ബ്ലോക്ക്‌ പ്രസിഡന്റ് റസീന പരീത്, മുളംതുരുത്തി ബ്ലോക്ക്‌ പ്രസിഡന്റ് ഇൻചാർജ് ബിന്ദു സജീവ്, ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി. എം. ഷഫീഖ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.