കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം’ എന്ന പുസ്തകം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തനത് പ്രകൃതി സൗന്ദര്യങ്ങളെയും സ്നേഹം, പ്രേമം തുടങ്ങിയ വികാരങ്ങളെയും എഴുത്തിന്റെ രൂപത്തിൽ മനോഹരമായി പുനഃപ്രതിഷ്ഠിക്കാൻ കേരളത്തിലെ സാഹിത്യകാരന്മാർക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാപ്പിളപാട്ടുകളെ ഉൾക്കൊണ്ടപോലെ തന്നെ വടക്കൻപാട്ടുകളെയും കണ്ടും കേട്ടും ജനങ്ങൾ ആസ്വദിക്കുന്നു. സിനിമകളിലൂടെ വടക്കൻ പാട്ടുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കളരി പഠിക്കാൻ കൂടുതൽ ആളുകൾ തയ്യാറാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കായിക വകുപ്പിന്റെ നേതൃത്വത്തിൽ കളരിയെ കുറിച്ചുള്ള സമഗ്ര ​ഗ്രന്ഥം തയ്യാറാക്കുന്നുണ്ട്. കേരളത്തിലെ കളരിയുടെ ചരിത്ര പശ്ചാത്തലം ആധാരമാക്കി മലയാള സർവകലാശാലയാണ് ​ഗ്രന്ഥം തയ്യാറാക്കുന്നതെന്നും മന്ത്രി  കൂട്ടിച്ചേർത്തു. വടകര കേളുഏട്ടൻ സ്‌മാരക ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സാഹിത്യകാരന്മാരായ തില്ലേരി ഗോവിന്ദൻ, രാജാറാം തൈപ്പിള്ളി, മുൻ കെ എഫ് എൽ എ സെക്രട്ടറി ടി കെ വിജയരാഘവൻ, പൊതുപ്രവർത്തകരായ പി പി രാജൻ, വി കെ സുരേഷ്, കെ അശോകൻ, എം കെ വസന്തൻ, പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ഒഞ്ചിയം പ്രഭാകരൻ മറുമൊഴി ഭാഷണം നടത്തി. സെക്രട്ടറി എ വി അജയകുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ നന്ദിയും പറഞ്ഞു. തുടർന്ന് അരങ്ങ് കൊയിലാണ്ടിയുടെ നാടൻപാട്ടും അരങ്ങേറി.