എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള രണ്ടാം വാര്‍ഡ് അയ്യന്‍മാര്‍കാലായില്‍ വെണ്ണിലാ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായിരുന്ന വിമലറാണിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്റെ സാന്നിധ്യത്തില്‍ ഡെത്ത്ക്ലെയിം തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് മക്കളായ വലന്റീന, അനിഷ്റ്റ, അനിതാ ക്രിസ്റ്റി എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വസന്ത കൈമാറി.

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2021-22 വര്‍ഷത്തില്‍ വിമലറാണി അംഗത്വം എടുത്തിരുന്നു. 2021 ജൂലൈയില്‍ വിമലറാണി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഡെത്ത്ക്ലെയിം തുകയായ രണ്ട് ലക്ഷം രൂപ ലഭിച്ചത്.
കുടുംബശ്രീ അയല്‍ക്കൂട്ടത്തിലുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ ജീവന്‍ ദീപം ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗത്വമെടുത്ത് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.

മരണപ്പെടുന്ന 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് രണ്ട് ലക്ഷം, 50 നും 60 നും ഇടയിലുള്ളവര്‍ക്ക് ഒരു ലക്ഷം, 60 നും 70 നും മധ്യേ ഉള്ളവര്‍ക്ക് 50,000, 70 നും 75 നും ഇടയിലുള്ളവര്‍ക്ക് 20,000 രൂപ എന്നിങ്ങനെയാണ് ഡെത്ത്ക്ലെയിം ലഭിക്കുക. പ്രതിവര്‍ഷം 174 രൂപയാണ് പ്രീമിയം തുക. പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗീതാശേഖര്‍, അക്കൗണ്ടന്റ് സുമി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.