*കാരുണ്യ ബനവലന്റ് ഫണ്ട്, ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളുടെ ആസ്ഥാനം തമ്പാനൂരേക്ക് മാറ്റി
സംസ്ഥാന ലോട്ടറി വിപണന രംഗത്ത് ലോട്ടറി മാഫിയയുടെ കടന്നുകയറ്റം ശക്തമായി ചെറുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കള്ളലോട്ടറി കച്ചവടം കണ്ടുപിടിക്കാൻ പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ലോട്ടറി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി അനുവദിക്കണമെന്ന് ഹൈക്കോടതിയോട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യ ബനവലന്റ് ഫണ്ട്, ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് എന്നിവയുടെ ആസ്ഥാനം കെ.എസ്.ആർ.ടി.സി. സെൻട്രൽ ബസ് ടെർമിനലിലെ മൂന്നാമത്തെ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലോട്ടറി രംഗത്ത് ഇടനിലക്കാരുടെ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇടനിലക്കാരെ മാറ്റിനിർത്തിക്കൊണ്ട് ലോട്ടറി സ്വയം സംസ്ഥാന സർക്കാരുകൾ നടത്തുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകാൻ കേരളം സന്നദ്ധമാണ്. എഴുത്തു ലോട്ടറിയും കള്ള ലോട്ടറിയും സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള കേരള ലോട്ടറിക്കെതിരായ കുപ്രചരണങ്ങൾ തടയാനും നടപടിയെടുക്കും.
കേരളത്തിൽ നിലവിൽ 250 ൽപരം ലോട്ടറി സംബന്ധമായ കേസുകളുണ്ട്. ഇത് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംവിധാനം അനിവാര്യമാണ്. ലോട്ടറി തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഏജന്റിനും സംസ്ഥാന ലോട്ടറി നടത്തിപ്പിൽ സ്ഥാനമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പട്ടത്ത് പ്രവർത്തിച്ചിരുന്ന കാരുണ്യ ബനവലന്റ് ഫണ്ട് ഓഫീസും പാളയം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമാണ് കെഎസ്ആർടിസി സെൻട്രൽ ടെർമിനലിലെ മൂന്നാമത്തെ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എം. അഞ്ജന, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.