കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന് വിവിധ ഘടകങ്ങളിലായി മൂന്ന് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ പരിശീലനം നല്‍കും. ഉല്‍പാദിപ്പിക്കുന്ന കൊക്കൂണ്‍ സെറികള്‍ച്ചര്‍ വകുപ്പിന്റെ തമിഴ്നാട് കൊക്കൂണ്‍ മാര്‍ക്കറ്റിലാണ് വിപണനം നടത്തേണ്ടത്. ഒരേക്കര്‍ മള്‍ബറിയില്‍ നിന്നുള്ള ഇല ഉപയോഗിച്ച് പുഴുക്കളെ വളര്‍ത്തി 200 കി.ഗ്രാം കൊക്കൂണ്‍ ഒരു ബാച്ചില്‍ വളര്‍ത്തുവാന്‍ സാധിക്കും. നിലവില്‍ കൊക്കൂണിന് 500-600 രൂപ (ഒരു കിലോയ്ക്ക്) വില ലഭിക്കുന്നുണ്ട്. കൊക്കൂണ്‍ ഉല്‍പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ തന്നെ സില്‍ക്ക് റീലിംഗ് യൂണിറ്റും സില്‍ക്ക് വസ്ത്ര നിര്‍മ്മാണവും ആരംഭിച്ച് ഗ്രാമീണ കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രൊജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ അറിയിച്ചു. താല്‍പര്യമുള്ള കര്‍ഷകര്‍ ആഗസ്റ്റ് 26 ന് മുമ്പ് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ഇടുക്കി എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04862 233027