പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 7) രാവിലെ 8 ന് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും.

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിനായി ആരോഗ്യ വകുപ്പ് സജ്ജമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനേഷൻ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി വരുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. വാക്സിനേഷനാവശ്യമായ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എൻമാരാണ് വാക്സിൻ നൽകുന്നത്. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂർണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതൽ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷൻ നൽകും. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള ദുർഘട സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്.

ഓഗസ്റ്റ് 7 മുതൽ 12 വരെയാണ് ഒന്നാംഘട്ട വാക്സിൻ നൽകുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

പ്രായാനുസൃതമായ ഡോസുകൾ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികൾക്കും എം.ആർ 1, എം.ആർ.2, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കുവാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.