സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മാധ്യമ പഠന സ്ഥാപനമായ കേരള മീഡിയ അക്കാദമിയിലെ പിജി ഡിപ്ലോമ കോഴ്‌സുകൾ നാളെ  ആരംഭിക്കും. ഭാഷാ പണ്ഡിതയും എഴുത്തച്ഛൻ പുരസ്‌കാര ജേതാവുമായ ഡോ. എം. ലീലാവതി വിദ്യാർത്ഥികൾക്ക്  അനുഗ്രഹ സന്ദേശം നൽകും. പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് കോഴ്‌സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

24 ന്യൂസ് ചീഫ് എഡിറ്ററും സിഇഒയുമായ ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനുമായിരിക്കും. മാധ്യമ പ്രവർത്തകൻ ഡെൻസിൽ ആന്റണി, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ലക്ചറർ വിനീത വി.ജെ, ടെലിവിഷൻ ജേണലിസം കോഴ്സ് കോർഡിനേറ്റർ സജീഷ് ബി നായർ എന്നിവർ ആശംസാ പ്രസംഗം നടത്തും. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും അസി. സെക്രട്ടറി പി.കെ. വേലായുധൻ നന്ദിയും പറയും.