തലശ്ശേരി പൈതൃക ടൂറിസം സര്‍ക്യൂട്ട്വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് വികസിപ്പിക്കുമെന്ന്
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ്  തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.57 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊടീക്കളം ചുവര്‍ചിത്ര മ്യൂസിയവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാടിന്റെ പ്രത്യേകത മതസാഹോദര്യമാണ്. ഏതു മതത്തില്‍പെട്ടവരായാലും പരസ്പര ബഹുമാനത്തോടെ ജീവിച്ചു മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു മതവും മത വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മത ആശയങ്ങളും മത സാഹോദര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. മത സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ സന്ദേശം സമൂഹത്തില്‍  എത്തിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയും മതസൗഹാര്‍ദവും  മതനിരപേക്ഷ മനസ്സുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

രാജ്യാന്തരതലത്തില്‍ തന്നെ പ്രശസ്തമായതാണ് തൊടീക്കളം ക്ഷേത്രം. ആരാധന നടത്തുന്നതിനൊപ്പം തന്നെ ചുമര്‍ ചിത്രങ്ങള്‍ ആസ്വദിച്ചും മനം നിറക്കാനാകും. തൊടീക്കളം ശിവക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ ലോകശ്രദ്ധയില്‍പ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ ക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. ചുവര്‍ചിത്ര മ്യൂസിയം കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്, കുളപ്പുര എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കെല്‍ ലിമിറ്റഡ് ആണ്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ കിഫ്ബി ഫണ്ടില്‍ നിന്നും ആണ് നടപ്പിലാക്കുന്നത്. കെ ഐ ഐ ഡി സിയെ സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്. മ്യൂസിയം സജ്ജമാക്കാന്‍ 88,09,516 രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇതിന്റെ പദ്ധതി രൂപരേഖ കേരള മ്യൂസിയമാണ് സജ്ജമാക്കുന്നത്.
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി  ഗുണ്ടര്‍ട്ട് മ്യൂസിയം, താഴെയങ്ങാടി, പിയര്‍ റോഡ്, ഫയര്‍ ടാങ്ക്, സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ച്, മൃദംഗ ശൈലേശ്വരി ക്ഷേത്രം എന്നിവയിലെ പ്രവൃത്തി പൂര്‍ത്തീകരണം ഉദ്ഘാടനം നിര്‍വഹിച്ച് കഴിഞ്ഞിട്ടുണ്ട്. ധര്‍മ്മടം അണ്ടലൂര്‍ കാവ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, മക്രേരി ക്ഷേത്രം, തൊടീക്കളം ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം, അറക്കല്‍ കെട്ട്, കക്കുളങ്ങര മസ്ജിദ്, ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം, ചിറക്കക്കാവ്, പെരളശ്ശേരി ക്ഷേത്രം, ലോകനാര്‍കാവ്, വള്ളിയൂര്‍ക്കാവ്, ഓടത്തില്‍ പള്ളി, ഇല്ലിക്കുന്ന് സി എസ് ഐ ചര്‍ച്ച്, പഴശ്ശി സ്മൃതിമണ്ഡപം തുടങ്ങി നിരവധി പൈതൃക തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനം  പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി കെ സുധി വിശിഷ്ട സാന്നിധ്യമായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍, വാര്‍ഡ് മെമ്പര്‍ എം ലീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്,  ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീനിവാസന്‍, പി ജിനീഷ്, പി സുധാകരന്‍, എം കെ സുധാകരന്‍, ചമ്പാടന്‍ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി അംഗങ്ങളായ സതീശന്‍ തില്ലങ്കേരി, പി ഉണ്ണികൃഷ്ണന്‍, പി കെ രാഗേഷ്, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ സി ജയേഷ്, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ കെ വി ധര്‍മ്മരാജന്‍, അംഗജന്‍ പറായി, ക്ഷേത്രം മാതൃസമിതി അംഗം എം കോമളവല്ലി എന്നിവര്‍ സംബന്ധിച്ചു.