പിണറായി പി ഡബ്യു ഡി റസ്റ്റ്‌ ഹൗസ് നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പി ഡബ്യു ഡി റസ്റ്റ്‌ ഹൗസിനായി പിണറായി കമ്പനിമൊട്ടയിൽ കണ്ടെത്തിയ പി ഡബ്ല്യൂ ഡിയുടെ പുറമ്പോക്ക് സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

5.8 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. സാങ്കേതിക അനുമതി കൂടി ലഭ്യമാക്കി ടെണ്ടർ ക്ഷണിച്ച് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കും. മലബാറിലെ ഒരു പ്രധാന ടൂറിസ കേന്ദ്രമായ പിണറായിയിലെ റസ്റ്റ്‌ ഹൗസ് നാടിന് ഗുണകരമാണെന്നും മന്ത്രി പറഞ്ഞു.
സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ പ്രധാനമായും വേണ്ട ഘടകമാണ് താമസസൗകര്യം.ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള പി ഡബ്ല്യൂ ഡി റസ്റ്റ്‌ ഹൗസുകൾ ഓരോ ജില്ലയിലും കണ്ടെത്തി അവ നവീകരിക്കാൻ പ്രത്യേക ഫണ്ടുകൾ അനുവദിക്കും. കൂടുതൽ റസ്റ്റ്‌ ഹൗസുകൾ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും. ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ജാക്കറ്റ് ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കമ്പനി മെട്ടയിലെ ഒരേക്കറ രണ്ട് സെന്റ് സ്ഥലത്താണ് രണ്ടു നിലകളുള്ള റസ്റ്റ്‌ ഹൗസ് നിർമ്മിക്കുക. രണ്ടു നിലകളിലും അഞ്ചു വീതം റൂമുകൾ ഒരുക്കും. അവയിൽ ഒന്ന് വീതം വി ഐ പി റൂമുകൾ ഉണ്ടാകും. കിച്ചൻ, ഡൈനിങ് റൂം, പാർക്കിംഗ് സൗകര്യം എന്നിവയും ഉണ്ടാകും. മുകളിലത്തെ നിലയിലാണ് കോൺഫറൻസ് ഹാൾ ഒരുക്കുക.
വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, വൈസ് പ്രസിഡണ്ട് സി ചന്ദ്രൻ, പി ഡബ്ല്യൂ ഡി ബിൽഡിംഗ്‌സ് സൂപ്രണ്ടിങ് എഞ്ചിനീയർ ഇ ജി വിശ്വപ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ബി ലജീഷ്കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ഒ ടി രജിമ, സാമൂഹിക പ്രവർത്തകരായ കെ ശശിധരൻ, കക്കോത്ത് രാജൻ തുടങ്ങിയവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.