പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പിഎൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനാ മാസാചരണ പരിപാടികളുടെ ജില്ലാതല സമാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വായനാശീലം കുറഞ്ഞു വരുന്നു എന്ന ആശങ്ക വേണ്ടെന്നും വായനയുടെ മാധ്യമം മാത്രമേ മാറിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കാലം വായനരീതിയിലുണ്ടാക്കിയ മാറ്റങ്ങൾ മാത്രമാണുള്ളത്. വായന മരിച്ചിട്ടില്ല. ഇ വായനകൾ ഏറിവരുന്നുണ്ട്. അറിവ് നേടുകയാണ് പ്രധാനം – ജില്ലാ കലക്ടർ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേംബറിൽ നടന്ന പരിപാടിയിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കാരയിൽ സുകുമാരൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, മഹാത്മാ മന്ദിരം സെക്രട്ടറി സി സുനിൽകുമാർ, കെ പി ശ്രീധരൻ, കെ സി സതീശൻ, സി വി രാജഗോപാൽ എന്നിവർ സംസാരിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ അന്നൂർ സഞ്ജയൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡണ്ട് വി എം ദാമോദരന് നൽകി. ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ വിദ്യാർഥികളായ രേവതി ലതീഷ് (ഒന്നാം സ്ഥാനം) വൈഷ്ണവി ലതീഷ് (രണ്ടാം സ്ഥാനം) എന്നിവർക്കുള്ള പുരസ്കാരങ്ങളും മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും നൽകി.