സമഭാവനയുടെയും ഐക്യത്തിന്റെയും പ്രതീകമായി കേരളത്തില്‍ ഖാദി മാറിയിട്ടുണ്ടെന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഓണം ഖാദി മേള 2023ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലാനുസൃതമായ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഖാദി ബോര്‍ഡിന് കഴിഞ്ഞു. ഖാദിയുടെ പ്രചാരവും ഗുണമേന്മയും ഉറപ്പുവരുത്തുന്ന ഇടപെടലുകളാണ് പൊതുവിപണിയില്‍ ഖാദി ബോര്‍ഡ് നടത്തുന്നത്. ഉല്‍പന്നങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കാന്‍ ഉത്സവ സീസണുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ബോര്‍ഡ് മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്ത് നടന്ന വലിയ പോരാട്ടങ്ങളില്‍ ശക്തമായി മുന്നോട്ട് പോയ ഖാദി പ്രസ്ഥാനത്തെയും ഖാദിയുടെ ചരിത്രപരമായ മറ്റ് പ്രത്യേകതകളെയും പുതുതലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഖാദിയുടെ പ്രചാരത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്നാണ് ഓണം ഖാദി മേള 2023 സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുതലമുറയെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളുമായാണ് ഖാദി ബോര്‍ഡ് ഇത്തവണ ഓണത്തെ വരവേല്‍ക്കുന്നത്. കുര്‍ത്തികള്‍, റെഡിമെയ്ഡ് ഉടുപ്പുകള്‍, കാന്താ സില്‍ക്ക് സാരി, പയ്യന്നൂര്‍ സുന്ദരി പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കോട്ടണ്‍ സാരികള്‍, മസ്ലിന്‍ ഷര്‍ട്ട്, ജുബ്ബകള്‍, മസ്ലിന്‍ ഡബിള്‍മുണ്ട്, കാവിമുണ്ട്, കുപ്പടം ദോത്തികള്‍, തോര്‍ത്ത്, മനില തുണിത്തരങ്ങള്‍ തുടങ്ങിയ വസ്ത്രശേഖരങ്ങളും ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളായ ചൂരല്‍ ഫര്‍ണിച്ചര്‍, തേന്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ലെതര്‍ ബാഗുകള്‍ തുടങ്ങിയവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍. മൂന്നാം സമ്മാനമായി എല്ലാ ജില്ലകളിലും ഒരാള്‍ക്ക് വീതം ഒരു പവന്‍ സ്വര്‍ണ്ണനാണയം ലഭിക്കും. നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടക്കും. ആഗസ്ത് 28ന് മേള അവസാനിക്കും.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനായി. പിഎംഇജിപി പവലിയന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യവില്‍പന നടത്തി. മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ ആദ്യവില്പന ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സമ്മാന കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു.

കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ വി ഗിരീഷ്‌കുമാര്‍, പയ്യന്നൂര്‍ ഖാദി സെന്റര്‍ ഡയറക്ടര്‍ കെ വി രാജേഷ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസര്‍ കെ ജിഷ, പയ്യന്നൂര്‍ ഫിര്‍ക്ക പ്രസിഡണ്ട് ഇ കെ ബാലന്‍, കണ്ണൂര്‍ സര്‍വ്വോദയ സംഘം സെക്രട്ടറി പി പ്രസാദ്, ജീവനക്കാരുടെ വിവിധ സംഘടന പ്രതിനിധികളായ എന്‍ സുരേന്ദ്രന്‍, കെ വി മഹേഷ്, റോയി ജോസഫ്, ടി ഒ വിനോദ്കുമാര്‍, കെ പി ഗിരീഷ്‌കുമാര്‍, കെ വി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.