വയനാട്: പ്രളയക്കെടുതികള്‍ക്കിടയിലും വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ല 43 ശതമാനം പുരോഗതി കൈവരിച്ചതായി കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതിയിനത്തില്‍ നാല്‍പ്പതോളം വകുപ്പുകള്‍ക്ക് ലഭിച്ച 227.43 കോടി രൂപയില്‍ 97.53 കോടി രൂപയാണ് ആഗസ്റ്റ് 31 വരെ ചെലവഴിച്ചത്. പൂര്‍ണ്ണ കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ 46.88 ശതമാനം നിര്‍വ്വഹണ പുരോഗതിയും നേടിയിട്ടുണ്ട്. ഈ ഇനത്തില്‍ 1.48 കോടി രൂപ ചെലവഴിച്ചു. മറ്റു കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ 55.33 ശതമാനമാണ് പുരോഗതി. 94.82 കോടി രൂപയില്‍ 52.46 കോടി രൂപ വിനിയോഗിച്ചു. എ.ഡി.എം കെ. അജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പദ്ധതി നിര്‍വ്വഹണം അവലോകനം ചെയ്തത്.
പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി സെപ്തംബര്‍ 22 വരെ ജില്ലയില്‍ 2251 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഉല്‍പാദന മേഖലയില്‍ 1076 കോടിയും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 1004 കോടിയും സേവന മേഖലയില്‍ 171 കോടി രൂപയുടെയും നാശനഷ്ടങ്ങളുണ്ടായതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.
കാലവര്‍ഷക്കെടുതിക്ക് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാന്തന്‍പാറ വെളളച്ചാട്ടം ഒഴികെയുളളവ പൂര്‍ണ്ണ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കാന്തന്‍പാറ വെളളച്ചാട്ടം ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ലൂര്‍നാട് എം.ആര്‍.എസിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് വരുന്നതായി പൊതുമരാമത്ത് കെട്ടിട വിഭാഗവും അറിയിച്ചു. യോഗത്തില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.