സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസിൽസ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. കൂടാതെ, ഗർഭിണികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്പ്പ് പൂർത്തിയാക്കാൻ കഴിയും.

പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെയ്പ്പ് പൂർത്തീകരിക്കാൻ കഴിയുന്ന ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും. പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്ത ഗർഭിണികൾക്കും ഇതോടൊപ്പം വാക്‌സിൻ നൽകും. പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുൻവർഷത്തെ പോരായ്മകൾ മറികടന്ന് കൃത്യമായ പ്രതിരോധം തീർക്കാനാണ് ലക്ഷ്യമിടുന്നത്.

പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ, പൂക്കോട്ടർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അക്ബർ തങ്ങൾ, പഞ്ചായത്ത് അംഗം സക്കീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, ആർസിഎച്ച് ഓഫീസർ ഡോ. പമീലി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി ഷുബിൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പിഎം ഫസൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടിവി ബിന്ദു എന്നിവർ സംസാരിച്ചു.