ആദ്യ ദിനം 1443 കുട്ടികൾക്ക് വാക്‌സിന്‍ നല്‍കി

പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികള്‍ക്കും യഥാസമയം കുത്തിവെപ്പ് എടുക്കുകയും അടുത്തതിന് സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചു. ആദ്യദിനം ജില്ലയിലെ 347 കേന്ദ്രങ്ങളിലായി 1443 കുട്ടികൾക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 215 ഗര്‍ഭിണികളും 0-2 വയസ് വരെയുള്ള 838 കുട്ടികളും 2-5 വയസ് വരെയുള്ള 390 കുട്ടികളും ഉള്‍പ്പെടും. യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 1673 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കടമ്പഴിപ്പുറം-128, അലനല്ലൂര്‍-129, ചളവറ-72, കൊപ്പം-132, ചാലിശ്ശേരി-115 എന്നിങ്ങനെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളൊരുക്കുന്നത്.


ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകളില്‍ പിന്നില്‍ നില്‍ക്കുന്ന (ഹൈറിസ്‌ക്) ബ്ലോക്കുകളായ ചളവറ, ചാലിശ്ശേരി, കൊപ്പം, അലനല്ലൂര്‍, കടമ്പഴിപ്പുറം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ക്യാമ്പയിനുകളും ബോധവത്ക്കരണത്തിനായി വെന്‍ട്രിലോക്കിസവും (പാവയുമായി അവതരിപ്പിക്കുന്ന പരിപാടി) മാജിക് ഷോകളും ഗൃഹസന്ദര്‍ശനങ്ങളും വ്യാപിപ്പിക്കും.

ജില്ലാതല ഉദ്ഘാടനം നടന്നു

മിഷന്‍ ഇന്ദ്രധനുഷ്-5.0 ജില്ലാതല ഉദ്ഘാടനം അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത നിര്‍വഹിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് തീവ്ര യജ്ഞത്തിലൂടെ എല്ലാ കുട്ടികള്‍ക്കും സമ്പൂര്‍ണ വാക്സിനേഷന്‍ ഉറപ്പുവരുത്താന്‍ എല്ലാ വിഭാഗത്തില്‍ പെട്ടവരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന് അവര്‍ പറഞ്ഞു.

പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്ക് ശേഷം ‘മിസ്റ്റിക്ക് എറ’ ശരവണന്‍ അവതരിപ്പിച്ച വാക്സിനേഷന്‍ ബോധവത്ക്കരണ വെന്‍ട്രിലോക്കിസവും മാജിക്കും അരങ്ങേറി.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍, പി. ഷാനവാസ്, വി. മണികണ്ഠന്‍, എച്ച്.എം.സി മെമ്പര്‍ രവി, വനിതാ ശിശു വികസന വകുപ്പ് പ്രതിനിധി ദീപ, സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് സി.പി റാബിയ, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആഷാ, അങ്കണവാടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.