ജില്ലയിലെ നെയ്ത്ത് ഗ്രാമമായ എലപ്പുള്ളിയില്‍ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി.

പരിപാടിയില്‍ ജില്ലയിലെ വിവിധ കൈത്തറി സഹകരണ സംഘങ്ങളിലെ മുതിര്‍ന്ന 13 നെയ്ത്തുകാരെ ആദരിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. നെയ്ത്തുകാരുടെ വിവിധ കലാപരിപാടികളും നെയ്ത്തുമായി ബന്ധപ്പെട്ട മത്സര പരിപാടികളും സ്‌കൂള്‍ തലത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും നെയ്ത്തുകാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എന്‍ വെങ്കിടേശ്വരന്‍, ഹാന്‍ടെക്‌സ് ഭരണസമിതി അംഗം ആര്‍. രാമസ്വാമി, എലപ്പുള്ളി കൈത്തറി സഹകരണ സംഘം പ്രസിഡന്റ് എ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.