കല്‍പ്പറ്റ നഗരസഭയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭാഷാ പഠനം സുഗമമാക്കുന്നതിനായി തയ്യാറാക്കിയ പഠനസഹായി നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് പഠന സഹായി നിര്‍മ്മിച്ചത്.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും തടയുന്നതിനായി നടത്തുന്ന പദ്ധതികള്‍ക്കൊപ്പം നഗരസഭയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഭവന സന്ദര്‍ശന വാര്‍ഡ്തല സമിതികള്‍, ജന ജാഗ്രത സമിതികള്‍, എക്‌സൈസ് ജനമൈത്രി പോലീസ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇടപെടുന്നതിനും യോഗം തീരുമാനിച്ചു.

ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സരോജിനി, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ ഷിബു, മുനിസിപ്പല്‍ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പി.ടി സജീവന്‍, പി.ആര്‍ റാലി, എക്‌സൈസ് സി.ഐ ഷറഫുദ്ദീന്‍, ടി.ഇ.ഒ രജനീകാന്ത് എന്നിവര്‍ സംസാരിച്ചു.