ഓണത്തിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലും (എം.സി.എഫ്) മിനി എം.സി.എഫുകളിലും സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കും. ക്ലീന്‍ കേരള കമ്പനി വഴിയുള്ള ജില്ലയിലെ മാലിന്യ നീക്കം സുഗമമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

മാലിന്യ ശേഖരണം കൃത്യമായ ഇടവേളകളില്‍ നടത്തണമെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പരാതികളോ പ്രശ്‌നങ്ങളോ ഉയര്‍ന്നാല്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകണം. വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കാമെന്നു യോഗത്തില്‍ ധാരണയായി.

മാലിന്യ നീക്കം സംബന്ധിച്ചുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കൃത്യമായ ഇടവേളകളില്‍ യോഗംചേരും. അടുത്ത യോഗം സെപ്റ്റംബര്‍ എട്ടിനാണ്.

ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്, ക്ലീന്‍ കേരള കമ്പനി എം.ഡി ജി.കെ സുരേഷ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ടി.എം റെജീന, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.