ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചവിട്ടി നിർമ്മാണ യൂണിറ്റുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ബഡ്സ് സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ്.

ബഡ്സ് സ്കൂളിലെ 25 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് യൂണിറ്റിൽ ചവിട്ടികൾ നിർമ്മിക്കുന്നത്. രക്ഷിതാക്കൾക്ക് കുട്ടികളെ നോക്കുന്നതിനൊപ്പം തന്നെ വരുമാനം കണ്ടെത്താനും കഴിയും . വിവിധ വിപണന പ്രദർശന മേളകളിലും ഇവിടുത്തെ കുട്ടികൾ നിർമ്മിക്കുന്ന ചവിട്ടികൾ വിൽപ്പനയ്ക്ക് എത്തിച്ചു വരുന്നു. ഇതിലൂടെ കിട്ടുന്ന വരുമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നു.

കുടുംബശ്രീയുടെ തൊഴിൽ സംരംഭ പദ്ധതിയുടെ ഭാഗമായി 2,40,300 രൂപ അനുവദിച്ച് 2021ൽ പ്രവർത്തനമാരംഭിച്ച യൂണിറ്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ബഡ്‌സ് സ്കൂളിൽ തന്നെ പരിമിതമായി സ്ഥലത്ത് പ്രവർത്തിച്ചിരുന്ന യൂണിറ്റിന് പഞ്ചായത്ത് 8 ലക്ഷം രൂപ അനുവദിച്ച് സ്കൂളിന്റെ മുകൾ നിലയിലായി പുതിയ മുറിയും സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച യൂണിറ്റ് സൗകര്യങ്ങൾ വിപുലമാക്കിയോടെ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമുള്ള ശ്രമത്തിലാണ്.