ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവ് സമാപനത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനത്തില്‍ പുത്തിഗെ അനോഡിപള്ളത്ത് ‘ എന്റെ മണ്ണ് എന്റെ രാജ്യം ‘ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ച് പ്രതിജ്ഞ (പാഞ്ച് പ്രണ്‍) എടുത്തു. പരിപാടിയുടെ ഭാഗമായി പുത്തിഗെ പഞ്ചായത്തിലെ രാജ്യ സുരക്ഷക്കുവേണ്ടി സുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക അര്‍ദ്ധ സൈനിക സേനാംഗങ്ങളായ ക്യാപ്റ്റന്‍ കെ.അരവിന്ദാക്ഷന്‍ പിള്ള, ഹവില്‍ദാര്‍ ശിവരാമന്‍, രാഘവ പട്ടാളി എന്നിവരെ ആദരിച്ചു. പി.അബ്ദുള്ള, ശങ്കരനാരായണ ഹോള എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു.

രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകള്‍ അനോഡിപള്ളം അമൃത സരോവര പരിസരത്ത് നട്ടു പിടിപ്പിച്ചു. അമൃത വാടിക നിര്‍മിച്ചു. കേന്ദ്രയുവജനകാര്യ കായികമന്ത്രാലയം, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബണ്ണ ആല്‍വ അധ്യക്ഷത വഹിച്ചു. പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായിക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രാവതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പലക്ഷ റായ്, എം.അനിത, അബ്ദുള്‍ മജീദ്, വാര്‍ഡ് മെമ്പര്‍മാരായ സി.ഗംഗാധരന്‍, വൈ.ശാന്തി, ആസിഫ് അലി, കാവ്യശ്രീ, ജനാര്‍ദ്ദന പൂജാരി, അനിതശ്രീ ജയാനത്തി, എസ്.ആര്‍.കേശവ, പ്രേമ, ബിഡോ നന്ദഗോപാല, നാഷണല്‍ ഗ്രീന്‍ കോര്‍പസ് കാസര്‍കോട് കോര്‍ഡിനേറ്റര്‍ സുഷ്മിത എന്നിവര്‍ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍ സ്വാഗതവും പുത്തിഗെ പഞ്ചായത്ത് സെക്രട്ടറി ബി.രാജേശ്വരി നന്ദിയും പറഞ്ഞു.