മുട്ടില്‍ ഗ്രാമപഞ്ചായത്ത്, എം.എന്‍.ആര്‍.ഇ.ജി.എസ്, നെഹ്രു യുവകേന്ദ്ര എന്നിവര്‍ സംയുക്തമായി ആസാദി കാ അമൃത് മഹോത്സവ് – മേരി മാട്ടി മേരാ ദേശ് ജില്ലാതല ഉദ്ഘാടനം നടത്തി. മുട്ടില്‍ പാക്കം ചീപ്രത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കാരാപ്പുഴ റിസര്‍വോയര്‍ പ്രദേശത്ത് 75 മരത്തൈകള്‍ നട്ടു. ഒരു വര്‍ഷത്തെ വിവിധ പരിപാടികളുടെ ഭാഗമായാണ് ‘എന്റെ മണ്ണ് എന്റെ രാജ്യം: ഭൂമിക്ക് പ്രണാമം, വീരര്‍ക്ക് വന്ദനം’ എന്ന പേരില്‍ പരിപാടി നടത്തിയത്.

പാക്കം എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്കായി അമൃത വാടിക രക്തസാക്ഷി സ്മാരക ഫലകം അനാച്ഛാദനം ചെയ്തു. കാരാപ്പുഴയുടെ തീരത്ത് നട്ട് വളര്‍ത്തുന്ന മരങ്ങള്‍ പരിപാലിക്കുന്നതോടൊപ്പം പ്രദേശവാസികള്‍ക്കായി വിശ്രമിക്കാന്‍ പാര്‍ക്കും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ച ധീര ജവാന്മാരെ ചടങ്ങില്‍ ആദരിക്കുകയും പഞ്ചപ്രാണ്‍ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കല്‍, എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ്, നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.