ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്.
ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ 10 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഭരണഘടനസാക്ഷരതാ ക്ലാസുകള്‍ നടത്തും. ഇതിലൂടെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാനാണ് ലക്ഷ്യമിടുന്നത്. 2023-24 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ഒരു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.

ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെകുറിച്ചും ചുമതലകളെകുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭരണഘടനയുടെ ചരിത്രവും പശ്ചാത്തലവും, ഭരണഘടനയും ആമുഖവും, ഭരണഘടന എന്ത്, എന്തിന്, അടിസ്ഥാന തത്വങ്ങള്‍, മൗലികാവകാശങ്ങളും കടമകളും, ഭരണഘടനയും കോടതിയും എന്നിവയാണ് പഠന വിഷയങ്ങള്‍.

ഇതിന്റെ ആദ്യപടിയായി പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഭരണഘടന സാക്ഷരത നല്‍കുന്ന സെനറ്റര്‍മാര്‍ക്കുമായി കരിമ്പം കില സബ്സെന്ററില്‍ ത്രിദിന ക്ലാസുകള്‍ ആരംഭിച്ചു. ആഗസ്റ്റ് 9,10,11 തീയതികളിലായാണ് ക്ലാസുകള്‍ നടക്കുന്നത്.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ കൊല്ലം ജില്ലയുടെ ‘ദി സിറ്റിസണ്‍ 2022’ എന്ന പദ്ധതിയുടെ മാതൃകയിലാണ് കുറുമാത്തൂരിലും പദ്ധതി നടപ്പാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പറ്റി അറിവുള്ളവരാക്കുക, ഭരണഘടനാമൂല്യങ്ങള്‍ ദൈനംദിനം ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും സജ്ജരാക്കുക, അതുവഴി ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

ഭരണസമിതി അംഗങ്ങള്‍ക്ക് ഒരു ദിവസത്തെയും സെനറ്റര്‍മാര്‍ക്ക് മൂന്നുദിവസത്തേയും പരിശീലനമാണ് നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന സെനറ്റര്‍മാരാണ് ഓരോ വാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് സാക്ഷരത ക്ലാസുകള്‍ നല്‍കുക. എല്ലാവര്‍ക്കും പരിശീലനം നല്‍കിയ ശേഷം എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം പതിപ്പിക്കും. നിലവില്‍ പരിശീലനം നല്‍കാനായി 50 സെനറ്റര്‍മാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ കുറഞ്ഞത് അഞ്ച് പേരെയാണ്  നിയോഗിക്കുക. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഒരു വാര്‍ഡില്‍ മുപ്പത് ക്ലാസുകള്‍ സംഘടിപ്പിക്കും. 3 മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന നിര്‍വഹിച്ചു. കിലാ സിഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡി സുധ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രിന്‍സിപ്പല്‍ പി എം രാജീവ്, സീനിയര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ജി രവീന്ദ്രന്‍, സാക്ഷരതാ മിഷന്‍ കൊല്ലം ജില്ലാ കോ ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, അഡ്വ എഫ് കാസ്റ്റലസ് ജൂനിയര്‍, അഡ്വ ആമിന സലാം ഫാക്കല്‍റ്റിമാരായ ജി വിനോദ്, ദിവ്യ ഹരിദാസ് എന്നിവരാണ് ക്ലാസുകള്‍ നല്‍കുന്നത്.

വര്‍ത്തമാന സാഹചര്യത്തില്‍ ഭരണഘടനയെയും അവകാശങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന പറഞ്ഞു.