പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ അമൃദില്‍ നടത്തിയ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിലൂടെ ജോലി നേടിയ യുവതീ യുവാക്കക്കളെ അനുമോദിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ അധ്യക്ഷത വഹിച്ചു.

തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നൈപുണി വികസന തൊഴില്‍ പരിശീലനങ്ങളും വിവിധ തൊഴില്‍ യൂണിറ്റുകളിലൂടെ തൊഴിലും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അമൃദ്. തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്നു.

പരീക്ഷാ പരിശീലനത്തിലൂടെ ഇതുവരെ 330 പേര്‍ക്കാണ് സര്‍ക്കാര്‍ ജോലി ലഭിച്ചത്. ഇതിനു പുറമെ പി.എസ്.സിയുടെ നിയമന ഉത്തരവ് ലഭിച്ച 8 പേര്‍ ഈ മാസം ജോലിയില്‍ പ്രവേശിക്കും. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍, ബത്തേരി പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍മാരായ ജി. പ്രമോദ്, സി. ഇസ്മായില്‍, അമൃദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി. ശിവശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.