സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മങ്ങാട്ടുക്കവലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസി ജോണി അധ്യക്ഷത വഹിച്ചു. 1977 ൽ പട്ടാളത്തിൽ നിന്ന് വിരമിച്ച തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ടി. കെ നാരായണപിള്ളയെ പരിപാടിയിൽ കളക്ടർ ആദരിച്ചു.
1962, 1965,1971 വർഷങ്ങളിൽ വിവിധ രാജ്യങ്ങളുമായുള്ള യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനടുത്ത് ജില്ലാ കളക്ടർ വൃക്ഷ തൈ നട്ടു. രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമയ്ക്കായാണ് വൃക്ഷത്തൈകൾ നടുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 9 മുതൽ 15 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലൂം 75 തരം വൃക്ഷത്തൈകൾ നട്ട് അമൃത വാടിക നിർമ്മിക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികൾ, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികർ, അർദ്ധ സൈനികർ, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകവും സ്ഥാപിക്കും.
സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങൾ, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനിക അർദ്ധ സൈനിക സേനാഗംങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രൺ) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും.
നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, വോളണ്ടിയർമാരുടെയും, തൊഴിലുറപ്പു ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തും.
പരിപാടിയിൽ കൗൺസിലർമാരായ കെ.ദീപക്ക് , ആർ. ഹരി, എം.എ കരീം, ശ്രീലക്ഷ്മി സുദീപ്, ജിതേഷ്, പി.ജി രാജശേഖരൻ, പരിസ്ഥിതി പ്രവർത്തകനായ എം.എൻ ജയചന്ദ്രൻ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ, നെഹ്‌റുയുവ കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.