പത്തനംതിട്ട ജില്ലയിലെ ബഡ്സ് വാരാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം നഗരസഭ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.ആദില, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീന അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 11 ബഡ്സ് സ്ഥാപനങ്ങളിലും കുടുംബശ്രീ അസ്സിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെയും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യത്തില്‍ ഒരുമുകുളം വൃക്ഷത്തൈ നടീല്‍ നടത്തി.കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.
വാരാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 11ന് ഗൃഹ സന്ദര്‍ശനവും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷവും രക്ഷകര്‍തൃസംഗമവും ബഡ്സ് സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 16ന് ജില്ലാതല ബഡ്സ് ദിനാഘോഷം വിവിധ പരിപാടികളോടെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂളായ വെങ്ങാനൂര്‍ ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത ഓഗസ്റ്റ് പതിനാറാം തീയതിയാണ് കുടുംബശ്രീ മിഷന്‍ ബഡ്സ് ദിനമായി ആഘോഷിക്കുന്നത്.ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക,വിഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കുക, അവരുടെ രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.