സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രതിരോധയജ്ഞമായ മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ജില്ലാതല പരിപാടിക്ക് തുടക്കമായി. മരട് നഗരസഭയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ ഇന്ദ്രധനുഷിന്റേയും അതിനോടനുബന്ധിച്ചുള്ള യു -വിന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ നിര്‍വ്വഹിച്ചു.

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ ഭാഗമായി വാക്‌സിനേഷനോട് വിമുഖത കാണിക്കുന്നവരെ കണ്ടെത്തി പ്രതിരോധ വാക്‌സിനുകള്‍ എടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇതിനായി ഭവന സന്ദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്താല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവപ്പുകള്‍, ഗര്‍ഭിണികള്‍ക്കായുള്ള കുത്തിവപ്പുകള്‍ എന്നിവ കൃത്യമായി എടുക്കുന്നതിനും വാക്‌സിന്‍ വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെ തടയുന്നതിനുമാണ് മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി നടപ്പിലാക്കുന്നത്.

നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.രശ്മി സനില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സവിത, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.എന്‍. സതീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരന്‍, മിനി ഷാജി, ബെന്‍ഷാദ് നടുവില വീട്, കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, കൗണ്‍സിലര്‍മാരായ മോളി ഡെന്നി, ഇ.പി.ബിന്ദു , ശാലിനി അനില്‍ രാജ്, ജയ ജോസഫ് , ഡോ.ബി.എസ് ശ്രീകുമാരി ,ഡോ. സൗമ്യ, എം.സി.എച്ച് ഇന്‍ ചാര്‍ജ് റഷീദ ബീവി, ഷാജു. പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പി.എസ് മിഷന്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥികള്‍ വാക്‌സിനേഷന്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ പ്രതിരോധ കുത്തിവപ്പുകള്‍ കൃത്യമായി എടുത്ത കുട്ടികള്‍ക്ക് സമ്മാനദാനം, പോസ്റ്റര്‍ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.