വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി തുടങ്ങിയ ആദിവാസി കോളനി നിവാസികൾക്ക് താമസിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

നേരത്തെ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുന രധിവസിപ്പിച്ച കുടുംബങ്ങളിൽ ചിലരുടെ സ്ഥലത്താണ് നിലവിൽ ഇവർ കുടിൽകെട്ടി താമസിക്കുന്നത്. ഇക്കാരണത്താൽ അവിടെ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പരിമിതിയുടണ്ട്. അതിനാൽ കോളനിക്ക് സമീപമുള്ള വന ഭൂമിയിൽ താൽക്കാലിക താമസ സൗകര്യം ഒരുക്കും.

കുടിവെള്ളം, വൈദ്യുതി, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ക്രമീകരിക്കും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക യോഗം ചേരും. ഓണത്തിന് മുൻപ് പുതിയ സ്ഥലത്തേക്ക് ആളുകളെ മാറ്റി പാർപ്പിക്കുകയാണ് ലക്ഷ്യം.

പന്തപ്ര കോളനിക്ക് സമീപം അപകടകരമായി നിൽക്കുന്ന 17 മരങ്ങൾ സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവ അടിയന്തരമായി മുറിച്ചു നീക്കും.

കോതമംഗലം താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ മലയാറ്റൂർ ഡി. എഫ്. ഒ രവികുമാർ മീണ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ റവന്യൂ ഡിവിഷ്ണൽ ഓഫീസർ പി.എൻ അനി, തഹസിൽദാർമാരായ റേച്ചൽ .കെ. വർഗീസ്, കെ.എം നാസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, ഗ്രാമപഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ, ഊര് മൂപ്പൻ കുട്ടൻ ഗോപാലൻ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.