പരമ്പരാഗത കാർഷിക സംസ്‌കാരത്തിന്റെ പേരും പെരുമയും കാത്ത് പുത്തൂർ വഴുതന കൃഷിയിൽ ഇത്തവണയും സജീവമാണ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്. നാടൻ ഇനമായ പുത്തൂർ വഴുതനയുടെ ഓണക്കാല വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് പെരളം പുത്തൂരിലെ കർഷകർ. ഒരു ഹെക്ടറിൽ പ്രദേശത്തെ ഏഴ് മുതിർന്ന കർഷകരാണ് പ്രധാനമായും ഈ കൃഷി ചെയ്യുന്നത്. പുത്തൂർ വഴുതന കൃഷി വ്യാപിപ്പിച്ച് ഭൗമ സൂചിക പദവിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു പറയുന്നു.
ഇവിടെത്തന്നെയാണ് വിത്തു മുളപ്പിച്ചെടുക്കുന്നത്.  ചെരിഞ്ഞ പ്രദേശങ്ങളിൽ തട്ടുകളായാണ് കൃഷി നടത്തുന്നത്. പൂർണമായും മഴയെ ആശ്രയിച്ചാണ് ഈ വഴുതനയുടെ വളർച്ച. ഇപ്പോൾ മഴ ലഭ്യത കുറഞ്ഞത് പ്രതിസന്ധിയാകുമോ എന്ന ആശങ്കയുണ്ട്.


മെയ് മാസത്തിലാണ് തൈ നട്ടത്. മൂന്ന് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. വയലറ്റ് നിറത്തിലുള്ള  വഴുതനക്ക് 30 സെന്റീമീറ്ററാണ് നീളം. രോഗ കീടബാധ വളരെ കുറവാണെന്നതാണ് പ്രത്യേകത. ഒരു ചെടിയിൽത്തന്നെ ആറ് കിലോഗ്രാം വരെ വഴുതന ഉണ്ടാകും. ഒരേക്കറിൽ നിന്ന് 10 ക്വിന്റലോളം വഴുതന ലഭിക്കുമെന്ന് പുത്തൂരിലെ കർഷകയായ പാലായി പുഷ്പവല്ലി പറയുന്നു. കാങ്കോൽ, ചീമേനി, കരിവെള്ളൂർ, സ്വാമിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വഴുതനകൾ വിൽക്കുന്നത്. കിലോഗ്രാമിന് 50 മുതൽ 70 രൂപ വരെ വില ലഭിക്കും. കൃഷിഭവന്റെ പൂർണ പിന്തുണ കർഷകർക്ക് ലഭിക്കുന്നുണ്ട്. പച്ചക്കറി വികസന പദ്ധതിയിൽ പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഹെക്ടറിന് 25000 രൂപ കൃഷിഭവൻ കർഷകർക്ക് ധനസഹായം നൽകുന്നു.