മേരി മിട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ അമൃതവാടിക നിർമ്മിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന പരിപാടികൾക്ക് സമാപനം കുറിച്ചാണ് മേരി മിട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം’ ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
എരഞ്ഞോളി ഗ്രാമ പഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നെഹ്റു യുവ കേന്ദ്രയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 75 വൃക്ഷത്തൈകൾ നട്ടാണ് അമൃതവാടി ഒരുക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷാജി അധ്യക്ഷത വഹിച്ചു. എം ജി എൻ ആർ ഇ ജി എ അസി. എഞ്ചിനീയർ വിന്യ, അക്കൗണ്ടന്റ് എ വി സീന എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങളും തൊഴിലുറപ്പ് സെൽ ഉദ്യോഗസ്ഥരും തൊഴിലാളികളും പങ്കെടുത്തു. തുടർപ്രവർത്തനമായി സ്വാതന്ത്ര്യസേനാനികളുടെ കുടുംബാംഗങ്ങളെ പഞ്ചായത്ത് ആദരിക്കും.