സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ ‘മേരി മിട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് പാട്യം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പാട്യം ഗ്രാമപഞ്ചായത്തും നെഹ്‌റു യുവകേന്ദ്രയും എം ജി എന്‍ ആര്‍ ഇ ജി എ യും സംയുക്തമായി സംഘടിപ്പിച്ച അമൃത് വാടിക ‘ഭൂമിക്ക് വന്ദനം വീരര്‍ക്ക് അഭിവാദനം’ പരിപാടി കണ്ണവം ട്രൈബല്‍ സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കു വേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി 75 തരം വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി സ്വാതന്ത്രത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസും സംഘടിപ്പിച്ചു.

പാട്യം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തിയത്.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണവം ട്രൈബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ പി രാജേഷ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ കെ ജിസ്‌ന എന്നിവര്‍ പങ്കെടുത്തു.