കൂടാളി ഗ്രാമ പഞ്ചായത്ത് ഫിലമെന്റ് രഹിത പഞ്ചായത്താകുന്നു. കാർബൺ ന്യൂട്രൽ പ്രദേശമാകുന്നതിന്റെ ഭാഗമായി ആറ് മാസം കൊണ്ട് ഫിലമെന്റ് ബൾബുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്‌ഷ്യം. സർവ്വേക്ക് ശേഷം മുഴുവൻ വീടുകളിലും എൽഇഡി ബൾബുകൾ നൽകും. ജില്ലയിലെ ആദ്യ ഫിലമെന്റ് രഹിത ഊർജ്ജ സംരക്ഷണ പഞ്ചായത്തായി മാറാനാണ് കൂടാളി ഒരുങ്ങുന്നത്. ഊർജ്ജ സംരക്ഷണവും പരിസ്ഥിതി സൗഹൃദവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഊർജ്ജ സർവ്വേയും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഊർജ ഓഡിറ്റും നടത്തും. വളണ്ടിയർമാരെ ഉപയോഗിച്ചാണ് സർവ്വേ നടത്തുക. ഇതിനു മുന്നോടിയായി ഇവർക്ക് പരിശീലനം നൽകും. ഫാനുകൾ, ട്യൂബുകൾ തുടങ്ങി എല്ലാം ഉൽപ്പന്നങ്ങളും ഊർജ്ജക്ഷമതയുള്ളതാക്കി മാറ്റും.
ബദൽ ഉൽപ്പന്നം എന്ന നിലയിൽ സാധിക്കുന്ന ഇടത്തെല്ലാം സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതോൽപാദനം നടത്തും, പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് എന്നിവയുടെ ഉപയോഗവും വർധിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുള തൈ നിർമിച്ച് ഒരു ലക്ഷത്തോളം മുള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കും. 18 വാർഡുകൾ കേന്ദ്രീകരിച്ച് 100 ഊർജ സംരക്ഷണ ക്ലാസുകളും നടത്തും. പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ട് ലക്ഷം രൂപ പഞ്ചായത്ത് വിനിയോഗിക്കും.
ഇതുമായി ബന്ധപ്പെട്ട ശിൽപ്പശാല പഞ്ചായത്ത് ഹാളിൽ കള്ള്‌ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പത്മനാഭൻ, പഞ്ചായത്ത് സെക്രട്ടറി കെ സുധീർ എന്നിവർ പങ്കെടുത്തു. കാർബൺ ന്യൂട്രൽ പ്രദേശം-ഹരിതകേരള മിഷൻ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ഊർജ ബോധവൽക്കരണത്തിന്റെ ആവശ്യകത-ഇഎംസി റിസോഴ്‌സ് പേഴ്‌സൺ കെ വി തമ്പാൻ, ഊർജ ഉൽപ്പന്നങ്ങൾ- പെരളശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ, ജനകീയ സർവ്വേ ആസൂത്രണം-ഇഎംസി റിസോഴ്‌സ് പേഴ്‌സൺ പി കെ ബൈജു എന്നിവർ ക്ലാസെടുത്തു. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ‘അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ’ ഡോക്യുമെന്ററി പ്രദർശനവും നടത്തി.
കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി ചെയർപേഴ്‌സണായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ, കൺവീനറായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ സുധീർ, കോ ഓർഡിനേറ്ററായി പി കെ ബൈജു എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പി പത്മനാഭൻ, സി മനോഹരൻ മാസ്റ്റർ, മുഹമ്മദ് അഷ്റഫ്, പി പി നൗഫൽ, ഇ സജീവൻ, പി എം സുരേന്ദ്രൻ, സിഎച്ച് വൽസലൻ മാസ്റ്റർ എന്നിവരെയും ജോ. കൺവീനർമാരായി എം വസന്ത, പിസി ശ്രീകല, കെ ദിവാകരൻ. കെ മോഹനൻ മാസ്റ്റർ, പി കരുണാകരൻ മാസ്റ്റർ, പി വി ആനന്ദബാബു, സി രാജീവൻ എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ മുഴുവൻ വാർഡുകളിലും കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും.