ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹം സന്ദര്‍ശിച്ചു. ബഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, 15 വാര്‍ഡുകളിലെ സെറിബ്രല്‍ പാഴ്‌സി രോഗമുള്‍പ്പടെ ബാധിച്ച നാല് പാലിയേറ്റീവ് കുട്ടികളുടെ വീടുകളാണ് സന്ദര്‍ശിച്ചത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ബഡ്‌സ് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15 ന് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകര്‍ത്തൃസംഗമവും കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും നടക്കും.

ആഗസ്റ്റ് 16 ന് പുതുശ്ശേരി കല്യാണമണ്ഡപത്തില്‍ നടക്കുന്ന ജില്ലാതല ബഡ്‌സ് ദിനാഘോഷത്തില്‍ സ്‌കൂളിലെ 26 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും. ജില്ലാതല പരിപാടിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയയില്‍ ബഡ്‌സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. ഗൃഹസന്ദര്‍ശനത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍, വാര്‍ഡംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക ആര്‍. രമ്യ, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.